തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള 41 പാഠപുസ്‌തകങ്ങളിൽ അടുത്ത അദ്ധ്യയന വർഷം മുതൽ മാറ്റം വേണമെന്ന ഉന്നതതല സമിതിയുടെ ശുപാർശ മന്ത്രി സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സ്‌കൂൾ കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചു. 1, 5, 9, 10 ക്ലാസുകളിലെ ചില പാഠഭാഗങ്ങൾ മാറ്റി പുതിയവ ഉൾപ്പെടുത്തും. 9,10 ക്ലാസുകളിലെ ഭാഷാ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര പാഠപുസ്‌തകങ്ങളിലാണ് പ്രധാന മാറ്റം.
സ്‌കൂളുകളിലെ അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റം. പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലത്തിൽ വരെ 2013 മുതൽ നിലവിലുള്ള പാഠ്യപദ്ധതി സമഗ്രവും ശാസ്‌ത്രീയവുമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ് യോഗത്തിൽ അറിയിച്ചു. പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ സംബന്ധിച്ച സമിതിയുടെ ശുപാർശകൾ നേരത്തേ കരിക്കുലം സബ് കമ്മിറ്റിയും ശരി വച്ചിരുന്നു.
കരിക്കുലം കമ്മിറ്റി യോഗത്തിൽ കവയിത്രി സുഗതകുമാരി, കവി പ്രൊഫ. മധുസൂദനൻ നായർ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻ കുമാർ, ഹയർസെക്കൻഡറി അഡിഷണൽ ഡയറക്‌ടർ പി.പി. പ്രകാശൻ, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, പി. ഹരിഗോവിന്ദൻ, എൻ. ശ്രീകുമാർ, സി.പി. ചെറിയ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന മാറ്റങ്ങൾ ഇങ്ങനെ
●ഒമ്പതാം ക്ലാസിലെ മലയാളം കേരള പാഠാവലിയിൽ ജോസഫ് മുണ്ടശേരിയുടെ 'സൗന്ദര്യം" എന്ന പാഠം മാറ്റും. പകരം എം.പി. പോളിന്റെ ‘പ്രകൃതി സൗന്ദര്യം, കലാ സൗന്ദര്യം" ഉൾപ്പെടുത്തും.
●ഹെർമൻ ഹസെയുടെ ‘കടത്തുകാരൻ" എന്ന പാഠഭാഗം മാറ്റും. വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിജിയെ കണ്ടതുമായി ബന്ധപ്പെട്ട ‘അമ്മ" ഉൾപ്പെടുത്തും.
●പ്രൊഫ. എം.എൻ. വിജയന്റെ കവിതയുടെ ‘മൃത്യുഞ്ജയം" ഒഴിവാക്കി പകരം അദ്ദേഹത്തിന്റെ തന്നെ ‘ആർഭാട"ത്തിൽ നിന്ന് ലാളിത്യത്തിലേക്ക്" എന്ന ഭാഗം ഉൾപ്പെടുത്തും.
●കുട്ടികൾക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടായതിനാൽ മലയാളം അടിസ്ഥാന പാഠാവലിയിലെ ‘ഒറ്റയ്‌ക്ക് പൂത്തൊരു വാക" എന്ന ആഷാ മേനോന്റെ പാഠഭാഗം ഒഴിവാക്കും. പകരം പാഠഭാഗമില്ല
●സി.പി. ശ്രീധരന്റെ ‘സാഹിത്യശില്പിയായ" നെഹ്റു ഒഴിവാക്കി ജവഹർലാൽ നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്താൻ" എന്ന പുസ്‌തകത്തിലെ ഭാഗം ഉൾപ്പെടുത്തും.
●പത്താം ക്ലാസിലെ കേരള പാഠാവലിയിൽ എൻ.വി. കൃഷ്ണവാര്യരുടെ ‘കാളിദാസൻ" ഒഴിവാക്കി എ.ആർ. രാജരാജവർമ്മയുടെ ‘മലയാള ശാകുന്തളത്തിലെ" ഏഴാം അംഗം ഉൾപ്പെടുത്തും.
●എം.പി. പോളിന്റെ ‘കാവ്യകലയും ചിത്രകലയും" എന്ന പാഠഭാഗം ഒഴിവാക്കും.
●ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്‌ത്രത്തിലെ ജോഗ്രഫി പുസ്‌തകങ്ങളിൽ മാറ്റമില്ല. പകരം ചരിത്ര പുസ്‌തകങ്ങളിൽ കുട്ടികളുടെ പഠനനേട്ടം കൂടിയുൾപ്പെടുത്തുന്നതിനുള്ള കോളങ്ങൾ ഒഴിവാക്കും. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം.
●ഒൻപതാം ക്ലാസിലെ ബയോളജിയിൽ ഒരു അദ്ധ്യായം ഒഴിവാക്കും.
●ഒൻപത്, പത്ത് ക്ലാസുകളിലെ ഗണിതപാഠപുസ്‌തകങ്ങളിൽ ഭാഷ കൂടുതൽ ലളിതമാക്കും.
0 Comments