തയ്യാറാക്കിയത് ഇല്യാസ് പെരിമ്പലം
ചില പുസ്തകങ്ങളിലൂെടെ
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന ‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ 1908 ജനുവരി 21ന് (തിരുവിതാംകൂറിലെ (ഇപ്പോഴത്തെ) കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. മരണം 1994 ജൂലൈ 5ന് 86-ാം വയസില്‍. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളായിരുന്നു അദ്ദേഹം. ജനകീയ കവിയായിട്ടാണ് അദ്ദേഹത്തെ പൊതുവെ അറിയപ്പെടുന്നത്.
പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലും ആയിരുന്നു. ബഷീറിന്റെ ജീവിതം രസകരവും സാഹസികവുമായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് (അഞ്ചാം തരം) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്ത് ചെന്ന് കാളവണ്ടി കയറി കോഴിക്കോട് എത്തിയ അദ്ദേഹം സ്വാതന്ത്ര്യസമര രംഗത്തേയ്ക്ക് എടുത്തുചാടി. മഹാത്മാഗാന്ധിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930‑ല്‍ കോഴിക്കോട് ഉപ്പുസത്യഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത്‌സിങ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാലകൃതികള്‍. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീട് കണ്ടുകെട്ടി. തുടര്‍ന്ന് കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അദ്ദേഹം അലഞ്ഞുതിരിഞ്ഞു നടന്നു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല.
അദ്ദേഹം ഉത്തരേന്ത്യയില്‍ ഹിന്ദു സന്യാസിമാരുടേയും സൂഫിമാരുടേയും കൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും അദ്ദേഹം കഴിഞ്ഞു. മുഹമ്മദ് ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണെന്ന് പറയാം. ലോകം ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ കണ്ടെത്തിയ നിരവധി ജീവിതസത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി‘യില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകഥയാണ് ‘തങ്കം’. ജോലി അനേ്വഷിച്ചാണ് അദ്ദേഹം പത്രാധിപരുടെ അടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും കഥ എഴുതി തന്നാല്‍ പ്രതിഫലം തരാം എന്ന മറുപടി കേട്ട മുഹമ്മദ് ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് ‘തങ്കം’
സാഹിത്യശൈലി
സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. വളരെക്കുറച്ചു മാത്രം എഴുതിയിട്ടും ‘ബഷീറിയനിസം’ അല്ലെങ്കില്‍ ‘ബഷീര്‍ സാഹിത്യം’ എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്ത് കൊണ്ടായിരുന്നു. ഹാസ്യംകൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അവ ജീവസുറ്റതായി, കാലാതിവര്‍ത്തിയായി. സമൂഹത്തിന് നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്.
ഫാബി ബഷീര്‍
ഏറെ വൈകിയാണ് ബഷീര്‍ വിവാഹം കഴിക്കുന്നത്. 1958 ഡിസംബര്‍ 18‑ന് ഫാത്തിമ ബീവിയെയാണ് വിവാഹം കഴിച്ചത്. ഫാത്തിമയുടെ ‘ഫാ‘യും ബീവിയുടെ ‘ബി‘യും ചേര്‍ന്നാണ് ഫാബിയായത്. തുടര്‍ന്നാണ് ഫാബി ബഷീറായത്. ബഷീറുമായുള്ള 36 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓര്‍മകള്‍ ഉള്‍ക്കൊള്ളുന്ന ‘ബഷീറിന്റെ എടിയെ’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ സാഹിത്യകാരിയായ അദ്ദേഹത്തിന്റെ ഭാര്യ ഫാബി ബഷീര്‍ തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയാറാക്കിയത്.
പുരസ്‌കാരങ്ങള്‍
കേന്ദ്രസാഹിത്യ അക്കാഡമി ഫെല്ലോഫിഷ് (1970), കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ് (1981), പത്മശ്രീ (1982), കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേം നസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം (1993).
പ്രധാന കൃതികള്‍
നോവല്‍
പ്രേമലേഖനം (1943), ബാല്യകാലസഖി (1944), ആനവാരിയും പൊന്‍കുരിശും (1953), പാത്തുമ്മയുടെ ആട് (1959), മതിലുകള്‍ (1965), ശബ്ദങ്ങള്‍ (1947), സ്ഥലത്തെ പ്രധാന ദിവ്യന്‍ (1953), മരണത്തിന്റെ നിഴല്‍ (1951), മുച്ചീട്ടുകളിക്കാരന്റെ മകള്‍ (1951), ജീവിത നിഴല്‍പാടുകള്‍ (1954), താരാ സ്‌പെഷ്യല്‍സ് (1968), മാന്ത്രികപ്പൂച്ച (1968), ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് (1951).
ചെറുകഥകള്‍
ഭൂമിയുടെ അവകാശികള്‍ (1977), വിശ്വവിഖ്യാതമായ മൂക്ക് (1954), ജന്മദിനം (1945), ഓര്‍മക്കുറിപ്പ് (1946), വിഡ്ഢികളുടെ സ്വര്‍ഗം (1948), വിശപ്പ് (1954), ചിരിക്കുന്ന മരപ്പാവ (1975), ആനപ്പൂട (1975), ശിങ്കിടിമുങ്കന്‍ (1991), യാ ഇലാഹി (1997).
മറ്റു കൃതികള്‍
അനുരാഗത്തിന്റെ ദിനങ്ങള്‍ (ഡയറി) ഭാര്‍ഗവീനിലയം (1985), കഥാബീജം, (നാടകത്തിന്റെ തിരക്കഥ) -(1945), അനര്‍ഘനിമിഷം (ലേഖനങ്ങള്‍)-(1945), നേരും നുണയും (1969), ഓര്‍മയുടെ അറകള്‍ (ഓര്‍മക്കുറിപ്പുകള്‍-1973), എം പി പോള്‍ (ഓര്‍മക്കുറിപ്പുകള്‍)-(1991), ചെവിയോര്‍ക്കുക! അന്തിമകാഹളം (പ്രഭാഷണം, 1987 ജനുവരിയില്‍ കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കിയപ്പോള്‍ നടത്തിയ പ്രഭാഷണം, സര്‍പ്പയജ്ഞം (ബാലസാഹിത്യം), ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകള്‍— മരണാനന്തരം പ്രസിദ്ധീകരിച്ചത്.
ഭാര്‍ഗ്ഗവീനിലയം- ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്.
0 Comments