സംസ്ഥാനത്തു സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾ നിർത്തിവച്ചതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സ്കൂളുകൾ പൂട്ടി എന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. കൊറോണ വൈറസ് പടരുന്നതിനു സാധ്യതയുള്ളതിനാൽ കുട്ടികൾ കൂട്ടമായി വരുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പരീക്ഷയും ക്ലാസും വേണ്ടെന്ന് വച്ചത്. അധ്യയനം ഒഴികെയുള്ള മറ്റുകാര്യങ്ങളിൽ വിദ്യാലയം സജീവമായിരിക്കണം. ഇനിയുള്ള ദിവസങ്ങൾ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങൾക്കായി വിനിയോഗിക്കണമെന്നാണ് പൊതുവിൽ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് നല്കുന്നതാണ്. അതോടൊപ്പം വൈറസ് പടരുന്നത് തടയുവാനുള്ള സാമൂഹ്യ ഇടപെടലുകൾക്ക് നേതൃത്വം വഹിക്കുന്നതിനു അദ്ധ്യാപകർ സജീവമായി പ്രവർത്തനരംഗത്തുണ്ടാകണം. പുതിയ കുട്ടികൾ സ്കൂളിൽ ചേർന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പുതിയ അക്കാദമിക് വർഷത്തിന്റെ പ്രതീക്ഷ ഉണരുന്ന സമയമാണിത്. മാതാപിതാക്കൾ സ്കൂളിലേക്ക് വരുമ്പോൾ അവരെ സ്വീകരിക്കുവാനും മറ്റും അദ്ധ്യാപകർ വിദ്യാലയത്തിലുണ്ടാകണം. അതുപോലെ പാഠപുസ്തകങ്ങൾ സ്കൂളുകളിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. ഈ അദ്ധ്യയന വർഷത്തിൽ നടത്തിയിട്ടുള്ള പ്രർത്തനങ്ങളുടെ അവലോകനവും നടത്തേണ്ടതുണ്ട്.
പ്രളയകാലം ഓർക്കുക. അക്കാലത്ത് സ്കൂളിൽ കുട്ടികൾ വന്നില്ലെങ്കിലും അദ്ധ്യാപകർ കർമ്മനിരതരായി രാപകലെന്നില്ലാതെ ജനങ്ങളോടൊപ്പമുണ്ടായിരുന്നു. ഗുരുതരമായ ഒരു സാമൂഹിക അന്തരീക്ഷത്തിൽ ഏതു സമയത്തും അദ്ധ്യാപകരടക്കമുള്ള എല്ലാവരുടെയും ആവശ്യമുണ്ടാകും. കേവലം കുട്ടികളെ പരീക്ഷക്ക് തയ്യാറാക്കൽ മാത്രമല്ല അദ്ധ്യാപകരുടെ ചുമതല. ലോകം വിറങ്ങലിച്ചു നില്ക്കുമ്പോൾ സമൂഹത്തിന്റെ രക്ഷകരായും മാർഗ്ഗനിർദ്ദേശകരായും മാറുമ്പോഴാണ് അവർ യഥാർത്ഥ അദ്ധ്യാപകരാകുന്നത്. വൈറസ് പടരുന്നത് തടയുവാൻ എന്തെല്ലാം നമുക്ക് ചെയ്യാൻ പറ്റുമെന്ന് കൂട്ടായ ആലോചന വിദ്യാലയങ്ങളിൽ നടക്കുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്കുക. ഓരോ വിദ്യാലയവും അതിന്റെ പരിസരത്ത് കൊറോണ വൈറസ് തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് എന്തെല്ലാം ചെയ്യണം എന്നാലോചിക്കണം. ഒരു ഗ്രാമത്തിന്റെ ഹൃദയമാണ് വിദ്യാലയം. ഒരു പ്രദേശത്തെ ജനങ്ങളുടെ പ്രതീക്ഷയാണ് വിദ്യാലയം. ജനകീയ വിദ്യാഭ്യാസത്തിൽ ഈ ആശയം സഫലമാകണം. സമൂഹ മനസ്സ് വേദനിക്കുമ്പോൾ വിദ്യാലയങ്ങളിൽ ഞങ്ങളും നിങ്ങളോടൊപ്പമുണ്ട് എന്ന് പ്രഖ്യാപിച്ച് സമൂഹത്തിന്റെ രക്ഷാകർത്താക്കൾ കൂടിയായി അദ്ധ്യാപകർ മാറണം. ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് അദ്ധ്യാപകർ വിദ്യാലയത്തിലെത്തി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ഓരോ ആഴ്ചയും സ്ഥിതിഗതികൾ വിലയിരുത്തി തുടർന്ന് എന്തു വേണമെന്ന് ആലോചിക്കാം. ഇപ്പോഴത്തെ നിലയിൽ ജനങ്ങളുടെ ആശ്രയമായി വിദ്യാലയം മാറണം. സാമൂഹ്യസേവനത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാകണം അദ്ധ്യാപകർ. അവരുടെ കൂട്ടായ്മയുടെ കേന്ദ്രമായി വിദ്യാലയം മാറണം.
0 Comments