സ്വാതന്ത്രദിനത്തിൽ സ്കുളുകളിൽ വിവിധ തലങ്ങളിൽ നടത്താവുന്ന ക്വിസ്സുകളാണ് ഇവ. ഈ വിലപ്പെട്ട വിഭവങ്ങൾ പല പല സൈറ്റുകളിൽ നിന്നും മറ്റും ശേഖരിച്ചിരിക്കുന്നവയാണ് അതിനാൽ ഇവയിൽ തെറ്റ് കൾ കടന്നു കൂടിയിട്ടുണ്ടാകാം.അതിനാൽ സധേയം ക്ഷമിച്ച് ആ തെറ്റുകൾ കമന്റായി രേഖപ്പെടുത്തുക.കൂടാതെ നിങ്ങൾക്കും ഈ പോസ്റ്റിന്റെ വിപുലീകരണത്തിൽ പങ്കാളിയാവാം അതിനായി സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട റിസോഴ്സുകൾ 7025097292 എന്ന വാട്സാപ്പ് നമ്പറിലൂടെ അയയ്ക്കുക അവ നിങ്ങളുടെ പേരിൽ ഇവിടെ പ്രസിദ്ധീകരിക്കും.
സ്വാതന്ത്ര്യദിന ക്വിസ് 2018
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, [1] പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.
ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർവ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.[2] സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.
ഉപ്പുസത്യാഗ്രഹം
ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന് ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.[1] മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി[2][3] ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം.[4][5] ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.
വാഗൺ ട്രാജഡി
1921-ലെ മാപ്പിള ലഹളയെത്തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്
ജാലിയൻവാലാബാഗ് കൂട്ടക്കൊല
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.
മഹാത്മാ ഗാന്ധി
മോഹൻദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
0 Comments